പരാതിപരിഹാര അദാലത്ത് ചിറയിൻകീഴ് താലൂക്കിൽ തിങ്കളാഴ്ച നടക്കും. അദാലത്ത് ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ വച്ച് രാവിലെ 10-ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ, അടൂർ പ്രകാശ് എം.പി., എം.എൽ.എ.മാരായ ഒ.എസ്.അംബിക, വി.ശശി, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, നഗരസഭാധ്യക്ഷ എസ്.കുമാരിജില്ലാകളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
ആകെ 2247 അപേക്ഷകളാണ് അദാലത്തിലേക്ക് ലഭ്യമായിട്ടുള്ളത്. ചിറയിൻകീഴ് താലൂക്കുമായി ബന്ധപ്പെട്ട 512 അപേക്ഷകളും തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ട 1052 അപേക്ഷകളും സിവിൽസപ്ലൈസുമായി ബന്ധപ്പെട്ട 154 അപേക്ഷകളും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട 529 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളതെന്ന് തഹസീൽദാർ അറിയിച്ചു.


















