പാട്ടുകാരി സിനിമ കോണ്‍ക്ലേവില്‍ എങ്ങനെയെത്തി?; പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍

Aug 4, 2025

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം പ്രശസ്തിക്ക് വേണ്ടിയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പാട്ടുകാരി സിനിമാ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് പുഷ്പവതി പൊയ്പാടത്തിനെ പരാമര്‍ശിച്ച് അടൂര്‍ പറഞ്ഞു. അവര്‍ അതില്‍ പങ്കെടുത്തത് അതിശയിപ്പിക്കുന്നതാണ്. സംഗീത നാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവും ഇല്ല. അവര്‍ക്ക് അഭിപ്രായം പറയാം.

എന്നാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് അവര്‍ക്ക് അറിയേണ്ടേ?. അത് മനസിലാകാത്ത ആളാണ് എഴുന്നേറ്റ് നിന്ന് ശബ്ദമുണ്ടാക്കുന്നത്. എന്തിനാണ് അത്. ശ്രദ്ധിക്കാന്‍ വേണ്ടി. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ?. അതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്ന് അടൂര്‍ ചോദിച്ചു. ദളിത്‌ – സ്ത്രീ വിരുദ്ധ പരാമര്‍ശം എവിടെയും നടത്തിയിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന് താന്‍ എതിരല്ല. മുന്‍പരിചയം ഇല്ലാത്തവര്‍ക്കാണ് സിനിമയെടുക്കാനായി പണം നല്‍കുന്നത്. സ്ത്രീകളായാലും പിന്നോക്കവര്‍ഗത്തില്‍പ്പെട്ടവരായാലും സിനിമയുടെ സാങ്കേതിക വിദ്യ അല്‍പം പോലും അറിയാതെ ഈ പണിക്ക് പോകുന്നത് ആര്‍ക്കും നല്ലതാവില്ലെന്ന് അടൂര്‍ പറഞ്ഞു. അറിവുകേട് കൊണ്ടാണ് പലരും തന്നെ വിമര്‍ശിക്കുന്നത്. സിനിമയെടുക്കുന്നവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവ് അനിവാര്യമാണെന്നും അടൂര്‍ പറഞ്ഞു. ലോകസിനിമയില്‍ ദിനംപ്രതി മാറ്റങ്ങള്‍ വരികയാണ്.

അത്തരമൊരു സാഹചര്യത്തില്‍ യാതൊരുപരിചയവുമില്ലാത്തവര്‍ക്ക് സിനിമ എടുക്കാന്‍ പണം കൊടുക്കുമ്പോള്‍ മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. കഥയെഴുതുമ്പോഴും കവിതയെഴുതുമ്പോഴും അക്ഷരവിജ്ഞാനം വേണം. അതുപോലെ തന്നെയാണ് സിനിമയുടെ കാര്യവും. സിനിമയുടെ ഭാഷ വേറെയാണ്. നടീനടന്‍മാര്‍ അഭിനയച്ചാല്‍ മാത്രം സിനിമായാവില്ല. അതിന് ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ പണം മുടക്കുന്ന സിനിമകള്‍ക്ക് സാമൂഹിക പ്രസക്തി വേണം. സൗന്ദര്യപരമായും സാങ്കേതികപരമായും മികവുണ്ടാകണം. അത് ഉണ്ടാവണമെങ്കില്‍ പടമെടുക്കുന്നതിനെ കുറിച്ച് നല്ല ധാരണ വേണം.

ഇത്തരത്തില്‍ ഒന്നരക്കോടി കൊടുക്കുമ്പോള്‍ മറ്റ് ആരെങ്കിലുമാകും പടമെടുക്കുക. ഇത്തരത്തില്‍ സിനിമ എടുത്തുകൊടുത്തവര്‍ പലരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. ഒന്നരക്കോടി കൊടുത്ത്് നിര്‍മ്മിച്ച നാലഞ്ച് പടങ്ങള്‍ താനും കണ്ടിട്ടുണ്ട്. ഒന്നിനുപോലും ഒരു കോടി പോലും ചെലവാക്കിയിട്ടില്ല. സിനിമയെടുക്കുന്നതിന് മുന്‍പായി ഒരു പ്രീ പ്ലാനിങ് വേണം. അതുകൊണ്ടാണ് പരിശീലനം വേണമെന്ന് പറയുന്നത്. ഇന്നുവരെ താന്‍ എടുത്തിട്ടുള്ള ഒരു സിനിമക്ക് പോലും ഒരു കോടി രൂപ പോലും ചെലവായിട്ടില്ല. അത് തനിക്ക് അതെക്കുറിച്ച് നല്ല ധാരണ ഉള്ളതുകൊണ്ടാണെന്നും അടൂര്‍ പറഞ്ഞു.

ആദ്യാവസരത്തില്‍ സിനിമ എടുക്കാന്‍ സര്‍ക്കാര്‍ പണം ലഭിക്കുന്നതോടെ അവരുടെ സിനിമാ ജീവിതം അതോടെ തീര്‍ന്നുപോകരുത്. ഒരു സിനിമ എടുത്ത് അപ്രത്യക്ഷരാകുന്നതാണ് താന്‍ കാണുന്നത്. അവര്‍ക്ക് പരിശീലനം ലഭിക്കുന്നതോടെ അവരെ ഈ രംഗത്ത് തുടരാന്‍ പ്രാപ്തരാക്കും. സ്ത്രീകളും പിന്നോക്കക്കാരും ഈ രംഗത്ത് തുടരണമെന്നതിന്റെ ഭാഗമായാണ് അങ്ങനെ പറഞ്ഞത്. അവരുടെ ഉന്നമനം എന്റെ ലക്ഷ്യം. അവരെ നികൃഷ്ടരാക്കി കാണുകയല്ല ചെയ്തത്. അതിനെ വ്യാഖ്യാനിച്ച് അധിക്ഷേപിച്ചു എന്ന തരത്തിലാക്കുകയാണ്. സിനിമയെടുക്കണമെങ്കില്‍ അതിന് ആഗ്രഹം മാത്രം പോരാ. അതിന് പഠിക്കുക കൂടി വേണം. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മൂന്നുമാസമെങ്കിലും പരിശീലനം നല്‍കണമെന്ന് അടൂര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും പിന്നോക്കക്കാര്‍ക്കുമാണ് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുന്നത്. അതുകൊണ്ടാണ് ആ വിഭാഗത്തെ എടുത്ത് പറഞ്ഞത്. ഇവര്‍ക്കല്ലേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. തനിക്ക് പണമെടുക്കാന്‍ പണം തരുന്നത് തനിക്ക് അതിനെക്കുറിച്ച് മുന്‍പരിചയം ഉള്ളതുകൊണ്ടാണ്. സര്‍ക്കാര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് പണം നല്‍കുന്നത്. അത് നല്ല കാര്യവുമാണ്. മന്ത്രി അങ്ങനെ പറഞ്ഞത് മന്ത്രി ഫിലിം മേക്കറല്ലാത്തതുകൊണ്ടാണ്. ആഗ്രഹം കൊണ്ടുമാത്രം സിനിമയെടുക്കാന്‍ കഴിയില്ല, അതിനെക്കുറിച്ച് നല്ല ധാരണയുണ്ടാകണമെന്നും തനിക്കെതിരെ ആര്‍ക്കും പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

LATEST NEWS