തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണയും വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര്‍ പ്രകാശ്. പരാതി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ പരിശോധിച്ച് വരികയാണ്. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാര്‍ഡ്, ഒരാളുടെ പേര് തന്നെ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയിലുണ്ടെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വോട്ടര്‍ പട്ടികയിലെ പേജ് അടക്കം വിശദമായ പരാതിയാണ് നൽകിയിട്ടുള്ളതെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ 1,12,322 പേരുകളില്‍ ഇരട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് അടൂര്‍ പ്രകാശ് പരാതി നല്‍കിയതെങ്കിൽ ഇത്തവണയത് 1,72,000 ആണ്.
പരാതി പരിശോധിച്ച് വരികയാണെന്നാണ് കളക്ട്രേറ്റിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിക്കുന്ന മറുപടി. പ്രചാരണത്തിനിറങ്ങും മുമ്പെ കോൺഗ്രസിന് പരാജയ ഭീതിയാണെന്നും പരാതിയുള്ളവര്‍ പോയി പരിഹരിക്കട്ടെ എന്നും ഇടതുമുന്നണി പ്രതികരിച്ചു.

















