പത്തനംതിട്ട: കെ സുധാകരന് മത്സരിക്കാൻ സീറ്റ് അനുവദിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇടയുന്നു. കെ സുധാകരൻ മത്സര രംഗത്തിറങ്ങുകയാണെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. സുധാകരൻ മത്സരത്തിന് അർഹനാണെങ്കിൽ അതേ അർഹത തനിക്കുമുണ്ട്. അല്ലെങ്കിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്നും അടൂർ പ്രകാശ് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
തന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കമാൻഡിന് അടൂർ പ്രകാശ് നേരിട്ട് സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ എൺപിമാർ ആരും മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് നിർദേശത്തെത്തുടർന്ന് അടൂർ പ്രകാശ് വൈകാരികമായ കുറിപ്പ് ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. താന്‍ മത്സരിക്കാന്‍ കോന്നിയിലേക്കില്ലെന്ന് എഫ് ബി പോസ്റ്റിൽ അടൂര്‍ പ്രകാശ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
”കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. ഈ പ്രാവശ്യം കോന്നിയിൽ മത്സരിക്കാൻ എനിക്ക് അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു. പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുക നമ്മുടെ കടമയാണ്”. എന്നിങ്ങനെയാണ് അടൂർ പ്രകാശ് കുറിപ്പിൽ എഴുതിയിരുന്നത്.
എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ എംപിയായ കെ സുധാകരന് മാത്രം ഇളവ് നൽകാനുള്ള തീരുമാനത്തിനു പിന്നാലെ അടൂർ പ്രകാശ് ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. തുടർന്നാണ് സുധാകരനെപ്പോലെ തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കി രംഗത്തു വന്നത്. കോന്നിയിൽ അടൂർ പ്രകാശിനു പകരം സതീഷ് കൊച്ചുപറമ്പിലിനെയാണ് കോൺഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നത്. കോന്നി സീറ്റിൽ അടൂർ പ്രകാശ് അവകാശവാദം ശക്തമാക്കിയതോടെ കോൺഗ്രസിലെ സീറ്റ് ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേക്കും.



















