തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗതമന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ്ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയൽറണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമ ലംഘങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ നിയമലംഘനങ്ങള്‍ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർവാഹന വകുപ്പ് നോട്ടീസയച്ച് തുടർ നടപടികളിലേക്ക് കടക്കും. ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. മന്ത്രി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതൊന്നും ബാധകമാവില്ല എന്ന് ചുരുക്കം.

















