കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

Oct 7, 2026

seena

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യപരിഗണനെയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ കേരളം എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ആരോഗ്യരംഗത്ത് കേരളം മുന്നില്‍ നില്‍ക്കുന്നത് എയിംസ് ലഭിക്കുന്നതിന് അയോഗ്യതയാണോയെന്നും ഹൈക്കോടതി കേന്ദസര്‍ക്കാരിനോട് ചോദിച്ചു.

കേരളത്തിന് എയിംസ് പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കാസര്‍കോട്ട ഒരു കൂട്ടായ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളം എയിംസിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇല്ലെന്ന് കേന്ദ്രം അറിയിച്ചത്. ആരോഗ്യരംഗത്ത് മോശം സാഹചര്യമുള്ള സംസ്ഥാനങ്ങള്‍ക്കാണ് എയിംസ് അനുവദിക്കുന്നതിന് മുന്‍ഗണനാ പട്ടികയില്‍ ഉള്ളതെന്നും അത്തരം സംസ്ഥാനങ്ങളാണ് പ്രഥമപരിഗണനയെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേരളം ആരോഗ്യരംഗത്ത് മികച്ചതാണ്. 2030-31ലെ പദ്ധതിക്ക് അംഗീകാരം കിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ഒരു ആലോചന നടത്താന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളം ആരോഗ്യരംഗത്ത് മികച്ചുനില്‍ക്കുന്നത് എയിംസ് നല്‍കുന്നതിനുള്ള അയോഗ്യതയാണോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് ഒരു എയിംസ് ആവശ്യമാണ്. കേരളത്തിന് അതിന് അര്‍ഹതയുണ്ട്.

കിനാലൂരില്‍ എയിംസിന് സ്ഥലം കണ്ടെത്തി അതിനുള്ള അപേക്ഷ ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ഏത് അര്‍ഥത്തിലാണ് എയിംസ് അനുവദിച്ചതെന്നും കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അറിയിച്ച ഹൈക്കോടതി ആറാഴ്ച കഴിഞ്ഞ വീണ്ടും ഹര്‍ജി പരിഗണിക്കും.

ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നതിന് വിപരീതമായാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ബിജെപി എംപി ആയതിനാല്‍ എയിംസ് തൃശൂരില്‍ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാല്‍ അവിടെ തന്നെ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു. എയിംസ് കേരളത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനു യോജ്യമായ സ്ഥലം തൃശൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

cake tower new
LATEST NEWS
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു....