ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ 5 പുതിയ വിമാനത്താവളങ്ങള്‍ കൂടി

Jan 11, 2024

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരുമാസത്തിനുള്ളില്‍ അഞ്ച് വിമാനത്താവളങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്യുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അയോധ്യയില്‍ നിന്ന്‌ അഹമ്മദാബാദിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അയോധ്യ വിമാനത്താവളം വികസിപ്പിക്കുകയും റണ്‍വെ നീട്ടുകയും ചെയ്യുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനും അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പടെ നടത്താനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

അയോധ്യയിലെ മഹര്‍ഷി വാത്മീകി വിമാനത്താവളം കഴിഞ്ഞ ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. അന്നേദിവസം ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അയോധ്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു

ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ അഞ്ച് പുതിയ വിമാനത്താവളങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ എണ്ണം 19 ആയി ഉയരുമെന്നും മന്ത്രി പരഞ്ഞു. അസംഗഡ്, അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങള്‍ വരുന്നത്.

LATEST NEWS