ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് സെപ്റ്റംബർ 30 വരെ നീട്ടി; യുഎഇയിൽ നിന്നുള്ള വിമാന സര്‍വീസുകളിൽ മാറ്റം

Sep 1, 2026

seena

ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് വ്യോമപാതയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് യൂറോപ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ സമയമാറ്റവും ചില റദ്ദാക്കലുകളും പ്രഖ്യാപിച്ചു. പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ ഗൾഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതും നീട്ടിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇഎഎസ്എ) ഇന്നലെയാണ് ഗള്‍ഫ് മേഖല സംബന്ധിച്ച കോണ്‍ഫ്‌ലിക്റ്റ് സോണ്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റില്‍ പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്.

യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ദേഹ, മസ്‌കറ്റ് ഫ്ലെെറ്റ് ഇന്‍ഫര്‍മേന്‍ റീജണലുകളിലുള്ള (എഫ്‌ഐആര്‍) വിമാന സര്‍വീസുകള്‍ക്കാണ് മുന്നറിപ്പ് ബാധകമായിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിലും അതത് വിമാനത്താവളങ്ങളിലേക്ക് ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും അല്ലാതെ അറേബ്യന്‍ ഗള്‍ഫ് സമുദ്ര മേഖലകള്‍ക്ക് മുകളിലൂടെയുള്ള പറക്കലുകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും ശക്തമായതാണ് വ്യോമപാതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. വേനലവധി കഴിഞ്ഞ് യുഎഇയിലേക്ക് പ്രവാസികളും സന്ദര്‍ശകരും വന്‍തോതില്‍ തിരിച്ചെത്തുന്ന സമയത്താണ് വീണ്ടും പുതിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.

സഹചര്യം വിലയിരുത്തി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും കുവൈറ്റിലേക്ക് നടത്തുന്ന G9068, G9124 എന്നീ വിമാനസര്‍വീസുകളും, ബഹ്‌റൈനിലേക്കുള്ള G9107 വിമാനസര്‍വീസും അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന 3L020 വിമാനവും റദ്ദാക്കിയിട്ടുണ്ട്. എമിറേറ്റ്‌സിന്റെ ദുബായില്‍ നിന്നും നെയ്‌റോബിലേക്കുള്ള EK717, EK719 എന്നീ സര്‍വീസുകളും ഗ്ലാസ്‌ഗോ, സാവോ പോളോ, ബാലി, ഗ്വാങ്ഷൂ, നെവാര്‍ക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വൈകി പുറപ്പെടുമെന്നും കമ്പനി അറിയിച്ചു.

അബുദാബിയില്‍ നിന്ന് കുവൈറ്റ്, ബഹ്‌റൈന്‍ റൂട്ടുകളിലെ ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസുകള്‍ ഭൂരിഭാഗവും നിലവിലെ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. എന്നാല്‍ ചില സര്‍വീസുകള്‍ക്ക് സമയമാറ്റമുണ്ടാകുമെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഒഫിഷ്യല്‍ ചാനലുകള്‍ സന്ദര്‍ശിച്ച് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു. കൂടാതെ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് ഫ്ലെെ ദുബായ് അറിയിച്ചു.

ദുബായില്‍ നിന്ന് സര്‍വീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികളെയും നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുണ്ട്. കെനിയ എയര്‍വേയ്‌സ് നെറോബിലേക്ക് സര്‍വിസ് നടത്തുന്ന KQ311 വിമാനവും ഫ്ലെെനാസ് ജിദ്ദ സര്‍വീസും (XY502), ഇറാഖി എയര്‍വേയ്‌സ് കിര്‍ക്കുക്ക് സര്‍വീസും (IA120) റദ്ദാക്കി. എയര്‍ബ്ലൂ, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ദുബായ്, അമ്മാന്‍, ബഹ്‌റൈന്‍, ടെല്‍ അവീവ് സര്‍വീസുകള്‍ ഒക്ടോബര്‍ 25 വരെ നിര്‍ത്തിവെച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ദുബായ് സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കി. ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 2 വരെ ഉണ്ടാകില്ല. എയര്‍ കാനഡയുടെ ദുബായ് സര്‍വീസുകള്‍ അടുത്ത വര്‍ഷം (2027) ജനുവരി പകുതി വരെ റദ്ദാക്കല്‍ നീട്ടിയിട്ടുണ്ട്.

ലുഫ്താന്‍സ, സ്വിസ് എയര്‍ എന്നിവയുടെ ദുബായ് സര്‍വീസുകള്‍ സെപ്റ്റംബര്‍ 12 വരെയാണ് നീട്ടിയിട്ടുള്ളത്. കെഎല്‍എംന്റെ ദുബായ്, റിയാദ്, ദമാം സര്‍വീസുകള്‍ സെപ്റ്റംബര്‍ 6 വരെ നീട്ടിയിട്ടുണ്ട്. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ദുബായ്, അബുദാബി സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇറാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയുമാണ്. യാത്ര തിരിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.

cake tower new
LATEST NEWS