ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

Feb 14, 2026

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാലാണ് റോഡ് മാര്‍ഗം അവയവങ്ങള്‍ കൊണ്ട് വരാന്‍ തിരുമാനിച്ചതെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആലിനില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ നിലവില്‍ 2 കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.

പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു.

കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്യുകയായിരുന്നു.

പോസ്റ്റ് പൂർണരൂപം-

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.

ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.

ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ – സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.

cake tower new
LATEST NEWS
തിരുവനന്തപുരത്ത് 63-കാരിയെ ആക്രമിച്ച് ഏഴരപ്പവൻ കവർന്ന 2 സ്ത്രീകൾ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് 63-കാരിയെ ആക്രമിച്ച് ഏഴരപ്പവൻ കവർന്ന 2 സ്ത്രീകൾ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തി വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ...

കൊച്ചിയിലെ ജ്വല്ലറിക്ക് മുകളില്‍ നിന്ന് ചാടി മധ്യവയ്‌സ്‌കന്‍ ജീവനൊടുക്കി; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചിയിലെ ജ്വല്ലറിക്ക് മുകളില്‍ നിന്ന് ചാടി മധ്യവയ്‌സ്‌കന്‍ ജീവനൊടുക്കി; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചി: നഗരത്തിലെ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് നിന്ന് ചാടി മധ്യവയ്‌സക്ന്‍ ജീവനൊടുക്കി....