വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച

Oct 9, 2025

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് പാക്കേജില്‍ സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം തേടിയാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരമണിക്കൂറോളം കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ശബരിമല സ്വര്‍ണപ്പാളി വിവാദം കേരളത്തില്‍ കത്തി നില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയാണ് കേരളം ചോദിച്ചത്. ഇതുവരെ 206. 56 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. എയിംസ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കാണുന്നുണ്ട്. നാളെ രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയും മോദിയുമായുള്ള കൂടിക്കാഴ്ച.

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദേശീയപാത വികസനം അടക്കമുള്ളവ ഉന്നയിച്ചേക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

LATEST NEWS