തിരുവനന്തപുരം: തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞ് കൂടി. അഞ്ചു ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് ഞായറാഴ്ച രാത്രി 9.40ന് അമ്മത്തൊട്ടിലില്‍ എത്തിയത്. തണുപ്പേല്‍ക്കാതിരിക്കാന്‍ കമ്പിളി ചുറ്റി സുരക്ഷിതനാക്കിയ നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്.
തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവുകളിലൊന്നില്‍ ലഭിച്ച പുതിയ അതിഥിയ്ക്ക് ലിയോ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 3.245 കിഗ്രാം ഭാരമാണ് കുഞ്ഞിനുണ്ടായിരുന്നത്. ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയതിനുശേഷം തൈക്കാട് സര്‍ക്കാര്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് ലിയോ.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 10 കുട്ടികളെയാണ് ലഭിച്ചത്. ഇതില്‍ ആറ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.



















