സംസ്ഥാനത്ത് ഒരാള്‍കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു; ഈ മാസം നാലാമത്തെ മരണം

Oct 13, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസം അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് ആറ് വയസ്സുകാരിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ പാലക്കാട് കൊടുമ്പ് സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ കൂടി പ്രകടിപ്പിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം വന്നപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്.

LATEST NEWS