പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്തത നേടാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പോത്തൻകോട്ട് നിർവഹിച്ചു. ക്ഷീരകർഷകർക്ക് ആവശ്യമായ ഡോക്ടർമാരുടെ സേവനം വീട്ടുപടിക്കൽ ലഭ്യമാക്കാനായി ടോൾഫ്രീ സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉത്പാദന ചെലവ് കുറയ്ക്കാനായി ചോളം കൃഷി, സൈലേജ് നിർമ്മാണം എന്നിവ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായി.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും 14 പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് അനുയോജ്യമായ പദ്ധതികളിലൂടെ പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തത നേടാൻ പഞ്ചായത്തിനെ സഹായിക്കുന്ന മാതൃക പദ്ധതിയാണിത്. പോത്തൻകോട് പഞ്ചായത്തിലെ തെരഞ്ഞെടുത്ത ഒൻപത് കർഷകർക്ക് അഞ്ച് പെണ്ണാടുകളും ഒരു ആണാടും ഉൾപ്പെട്ട ഗോട്ട് സാലൈറ്റ് യൂണിറ്റ്, 18 വനിതകൾക്ക് കിടാരികൾ, 50 സ്കൂൾ വിദ്യാർഥികൾക്ക് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. മൃഗസംരക്ഷണ മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം യാഥാർഥ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം.
പോത്തൻകോട് സഫർലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോക്ടർ ജിജിമോൻ ജോസഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

















