തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ശ്രീജേഷിന് പാരിതോഷികമായി രണ്ടു കോടി രൂപ നല്‍കാനാണ് തീരുമാനിച്ചത്. പാരിസ് ഒളിംപിക്‌സോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കലം നേടി കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം.
ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമില്‍ അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു. മാത്രമല്ല, ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു. പാരിസ് ഒളിംപിക്‌സിനു പിന്നാലെ കേരളത്തില്‍ തിരിച്ചെത്തിയ ശ്രീജേഷിന് അധികൃതരും ആരാധകരും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.