തിരുവനന്തപുരം: അമ്മയറിയാതെ ദത്തു നൽകിയ കേസിൽ കുടുംബ കോടതിയുടെ അടിയന്തര ഇടപെടലോടെ കുഞ്ഞ് വീണ്ടും പെറ്റമ്മയുടെ കരങ്ങളിൽ. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂർവതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു.
ജഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. കോടതി നടപടികൾക്കു മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. ഡിഎൻഎ ഫലം അനുകൂലമായതോടെ അനുപമയും അജിത്തും കോടതിയിൽ എത്തി കുഞ്ഞിനെ നേരത്തെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വാൻസ് പെറ്റീഷൻ സമർപ്പിച്ചിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടിയ ശേഷമായിരുന്നു കുഞ്ഞിനെ അനുപമയ്ക്കു കൈമാറാൻ കോടതി ഉത്തരവിട്ടത്. സിഡബ്യുസി സമർപ്പിച്ച ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെയുള്ള രേഖകളും കുഞ്ഞിനെ കൈമാറാനുളള ഉത്തരവിനു മുന്നോടിയായി കോടതി പരിശോധിച്ചു.
ഡിഎൻഎ പരിശോധനാ ഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ ഗവൺമെന്റ് പ്ലീഡറോട് സർക്കാർ നിർദേശിച്ചിരുന്നു. ഡിഎൻഎ ഫലം ഗവൺമെന്റ് പ്ലീഡർ മുഖാന്തരമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഉച്ചതിരിഞ്ഞ് 2.30 ഓടെ ആരംഭിച്ച കോടതി നടപടികൾ ഒന്നരമണിക്കൂറോളം നീണ്ടു.