ദുബൈ: രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്, ഡെവലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി ഷാര്‍ജ ചൈല്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍. രക്ഷിതാക്കള്‍ അറിയാതെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
കുട്ടികള്‍ക്ക് എല്ലായ്‌പ്പോഴും ഒറ്റയ്ക്ക് സാഹചര്യങ്ങളെ നേരിടാനാകില്ലെന്നും സഹായം ആവശ്യമുള്ളപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും സംഘടന പറഞ്ഞു. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ചെയ്യുന്നില്ലെന്നും ഡെലിവറി, ഷോപ്പിങ് ആപ്പുകള്‍ വഴി പേയ്മെന്റുകള്‍ നടത്തുന്നില്ലെന്നും വീട്ടുവിലാസങ്ങള്‍ പങ്കിടുന്നില്ലെന്നും ഉറപ്പാക്കണമെന്നും സംഘടന രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
ചില കുട്ടികള്‍ മാതാപിതാക്കളുടെ അറിവില്ലാതെ ഭക്ഷണം, ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ അല്ലെങ്കില്‍ മറ്റ് ഇനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ അവരുടെ ഫോണുകള്‍ ഉപയോഗിച്ചേക്കാം, കൂടാതെ ഡെലിവറി വരുമ്പോള്‍ സ്വന്തമായി അവ കൈപ്പറ്റാന്‍ ശ്രമിച്ചേക്കാം. ഇത് അപരിചിതരായ വ്യക്തികളുമായി കുട്ടികള്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരാനും ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെടാനും കാരണമായേക്കാം. സാങ്കേതികവിദ്യയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് ഡിജിറ്റല്‍ ഇടപാടുകളിലും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിലും കുട്ടികള്‍ക്ക് കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചു നല്‍കാന്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
കുട്ടികള്‍ ഉപയോഗിക്കുന്ന ഡിവൈസുകളിലെ ആപ്പ് സെറ്റിങ്‌സുകള്‍ പരിശോധിക്കണം, ബാങ്ക് കാര്‍ഡ് വിശദാംശങ്ങള്‍ സംരക്ഷിക്കുകയോ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ദ്രുത പേയ്മെന്റ് ഓപ്ഷനുകള്‍ ചെയ്യുന്നതോ ഒഴിവാക്കണം. കൂടാതെ പേയ്മെന്റ് നോട്ടിഫിക്കേഷനുകള്‍ ആക്ടീവ് ആക്കണം. പ്രായത്തിന് അനുസരിച്ച് രക്ഷിതാക്കള്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് നിര്‍ദേശം.



















