പോളണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് അർജന്റീന പ്രീക്വർട്ടറിൽ

Dec 1, 2022

seena

ആദ്യമൊന്ന് പതറി. പിന്നെ പതുങ്ങി. ഇപ്പോഴിതാ ഖത്തറില്‍ വെന്നിക്കൊടിപാറിച്ച് മുന്നേറിയിരിക്കുന്നു മെസ്സിപ്പട. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പോളണ്ടിന്റെ പ്രതിരോധമതിലിനെ എണ്ണം പറഞ്ഞ രണ്ട് ഗോള്‍ കൊണ്ട് തുളച്ച അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മെസ്സി പെനാല്‍റ്റി പാഴാക്കുന്നത് ഞെട്ടലോടെ കണ്ട മത്സരത്തിന്റെ നാല്‍പത്തിയാറാം മിനിറ്റില്‍ അലെക്സിസ് മാക് അലിസ്റ്ററും അറുപത്തിയേഴാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസുമാണ് ആല്‍ബിസെലസ്റ്റസിനായി വല കുലുക്കിയത്. ആദ്യ മത്സരത്തില്‍ സൗദിയോട് ഞെട്ടുന്ന തോല്‍വി ഏറ്റുവാങ്ങിയ നീലപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലേയ്ക്ക് തലയെടുപ്പോടെ എഴുന്നള്ളുന്നത്. ഓസ്ട്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി.

പത്ത് പേരെയും വച്ച് പ്രതിരോധിച്ചു കളിച്ച പോളണ്ടിനെതിരേ മുപ്പത്തിയൊന്‍പതാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. മെസ്സിയുടെ കിക്ക് പോളണ്ടിന്റെ സൂപ്പര്‍മാന്‍ ഗോളി സെസ്‌നി അത്ഭുതരമായി രക്ഷപ്പെടുത്തുന്നത് ഞെട്ടലോടെയാണ് ലോകം കണ്ടുതിരിച്ചുപോയത്. ഇത് രണ്ടാം തവണയാണ് മെസ്സി ഒരു ലോകകപ്പില്‍ പെനാല്‍റ്റി പാഴാക്കുന്നത്. ഈ ലോകകപ്പില്‍ തന്നെ സെസ്നി തടയുന്ന രണ്ടാമത്തെ പെനാല്‍റ്റിയാണിത്. സെഷ്നി തന്നെയായിരുന്നു അര്‍ജന്റീനയ്ക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിരോധം. പത്ത് പേരെ വവച്ച് കോട്ട കെട്ടിയിട്ടും എട്ട് തവണ മെസ്സി അത് ഭേദിച്ച് അകത്തു കടന്നു. ഇരുപത്തിരണ്ട് ഷോട്ടുകളാണ് അവര്‍ തൊടുത്തത്. അതില്‍ പതിനൊന്നെണ്ണം പോസ്റ്റിലേയ്ക്ക് തന്നെ. ഇതില്‍ ഏഴെണ്ണം മെസ്സിയുടെ വക തന്നെ. ഇതിന് പുറമെ അഞ്ച് കിണ്ണംകാച്ചിയ പാസും മെസ്സി നല്‍കി. സെഷ്നിയുടെ മിടുക്കും ചില പിഴവുകളും ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ മാര്‍ജിനിലാകുമായിരുന്നു പോളണ്ടിന്റെ തോല്‍വി.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് അര്‍ജന്റീന ആക്രമണ ഫുട്‌ബോളാണ് അഴിച്ചുവിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോള്‍പോസ്റ്റിലേക്കുള്ള ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി കൈയ്യിലൊതുക്കി. പത്താം മിനിറ്റില്‍ മെസ്സിയുടെ ഉഗ്രന്‍ ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി തട്ടിയകറ്റി. സമനില നേടിയാല്‍പ്പോലും പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനാവും എന്നതുകൊണ്ട് പോളണ്ട് പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.

cake tower new
LATEST NEWS