പാലക്കാട്: വിദ്യാര്‍ഥിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍. അഞ്ച് ആണ്‍കുട്ടികള്‍ കൂടി അധ്യാപകനില്‍നിന്നും നേരിട്ട ദുരനുഭവം ശിശുക്ഷേമസമിതിയുടെ കൗണ്‍സലിങില്‍ വെളിപ്പെടുത്തി. ഇതോടെ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എല്‍. അനിലിനെതിരേ വ്യാഴാഴ്ച മലമ്പുഴ പൊലീസ് അഞ്ച് കേസുകള്‍കൂടി രജിസ്റ്റര്‍ചെയ്തു.
പീഡനത്തിനിരയായ വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കുന്നത് തുടരുന്നതിനിടെ സ്കൂളിലെ മറ്റ് വിദ്യാര്‍ഥികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) കൗണ്‍സിലിങ്ങിന് വിധേയരാക്കുകയായിരുന്നു. സ്കൂളില്‍വെച്ചും താമസിക്കുന്ന സ്ഥലത്തെത്തിച്ചും പീഡനം നടത്തിയെന്നാണ് കുട്ടികളുടെ മൊഴി.
കുട്ടികളെ ആദ്യഘട്ട കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇത്രയും പരാതികള്‍ അനിലിനെതിരെ ഉയര്‍ന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ കുട്ടികളെ സിഡബ്ല്യുസി കൗണ്‍സിലിങ്ങിന് വിധേയമാക്കും. അനില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പീഡിനത്തിനിരയാക്കിയെന്നും കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
നവംബര്‍ 29നാണ് ആറാംക്ലാസ് വിദ്യാര്‍ഥിയായ 11 വയസുകാരന് അധ്യാപകന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നത്. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയര്‍ നല്കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാര്‍ഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ സ്കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.



















