സാമ്പത്തിക തട്ടിപ്പുകേസിൽ സഹകരണ ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1.62 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ഇയാൾക്കെതിരെയുള്ള കേസ്. മാസങ്ങൾക്ക് മുൻപ് സസ്‌പെൻഷനിൽ ആയി ഒളിവിൽ കഴിയവേ ആണ് അജയകുമാറിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻ തുകയുടെ തിരിമറി നടന്നത്. 2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി നോക്കിവന്ന സമയത്താണ് ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളടക്കം കൃത്രിമം കാണിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ബാങ്കിലെ നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജ രേഖകളുണ്ടാക്കുകയും വ്യാജ ഒപ്പിടൽ ലോൺ അനുവദിച്ചതാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തത്.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറൽ പൊലീസാണ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്. അജയകുമാറിനെ ചോദ്യം ചെയ്തു വരുമ്പോൾ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭിയ്ക്കുമെന്നാണ് പോലീസ് പറയുന്നത്.

















