തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശ വര്‍ക്കമാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി. കോണ്‍ഗ്രസ് നേതാക്കാള്‍ പിന്തുണയറിയിച്ച് സമരപ്പന്തലില്‍ എത്തുന്നതിനിടെയാണ് ഐഎന്‍ടിയുസി സമരത്തില്‍ നിലപാട് വ്യക്തമാക്കിയത്. ആശമാര്‍ക്ക് ഓണറേറിയമല്ല, ശമ്പളമാണ് നല്‍കേണ്ടതാണെന്നാണ് ഐഎന്‍ടിയുസി പറയുന്നത്. സംഘടനയുടെ മുഖമാസികയായ ‘ഇന്ത്യന്‍ തൊഴിലാളി’യിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നയരൂപീകരണ ഗവേഷണ വിഭാഗം യൂത്ത് കണ്‍വീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയത്. ‘ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വര്‍ക്കമാര്‍ക്ക് വേണ്ടത് സ്ഥിരം വേതനം’ എന്ന തലക്കെട്ടിലാണ് ലേഖനം. പതിനൊന്നാമത് സംസ്ഥാന ശമ്പളകമ്മീഷന്‍ പ്രകാരം ആശ തൊഴിലാളികള്‍ക്ക് സ്ഥിരം വേതനമെന്ന ഭരണഘടനാപരമായ ഉറപ്പും അവകാശവുമാണ് വേണ്ടതെന്ന ബോധ്യം കേരളത്തിലെ ഐഎന്‍ടിയുസി പ്രസ്ഥാനത്തിനുണ്ടെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യുസിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നടത്തുന്ന സമരത്തോട് അനുഭാവപൂര്‍ണമായ നിലപാടാണ് ഐഎന്‍ടിയുസിക്കുള്ളത്. എന്നാല്‍ ഐഎന്‍ടിയുസി ഈ സമരത്തെ പിന്തണയ്ക്കുന്നില്ല. കാരണം ആശ തൊഴിലാളികള്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കാനാണ് സമരം നടത്തുന്നത്. ഓണറേറിയം എന്ന വാക്കിന്റെ അര്‍ഥം സമ്മാനപ്പൊതി എന്നാണ്. സമൂഹത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ആശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തോന്നുംപടി കൊടുക്കുന്ന ഓണറേറിയം എന്ന ഔദാര്യമല്ല വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ചിട്ടുണ്ട്. സമരം ചിലര്‍ക്ക് ഒരു സെല്‍ഫി പോയിന്റാണെന്നും കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.