അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

Dec 22, 2024

ക്വാലാലംപുര്‍: പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ബംഗ്ലാദേശിനെ 41 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 76 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഗോംഗതി തൃഷ അര്‍ധ സെഞ്ച്വറി നേടി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാ ബാറ്റിങ്‌നിര തുടക്കം മുതലെ തകര്‍ച്ച നേരിട്ടു. രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 30 പന്തില്‍ 22 റണ്‍സ് നേടിയ ജുഐരിയ ഫിര്‍ദൗസാണ് ടോപ് സ്‌കോറര്‍. 18 റണ്‍സ് നേടിയ ഫഹോമിദ ചോയയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് പിഴുതു. 3.3 ഓവറില്‍ 17 റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്. പരുണിക സിസോദിയ, സോനം യാദവ് എന്നിവര്‍ രണ്ട് വീതവും മലയാളി താരം വിജെ ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ 23ല്‍നില്‍ക്കേ ജി. കമാലിനിയുടെ (ഒമ്പത് പന്തില്‍ അഞ്ച്) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സനിക ചല്‍ക്കെ മടങ്ങി. ക്യപ്റ്റന്‍ നികി പ്രസാദ് (21 പന്തില്‍ 12), ഈശ്വരി അവ്‌സാരെ (12 പന്തില്‍ അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.

അര്‍ധ സെഞ്ച്വറി നേടിയ ഗോംഗതി തൃഷ 16-ാം ഓവറിലാണ് മടങ്ങിയത്. മിഥില വിനോദ് (17), ആയുഷി ശുക്ല (10), വി.ജെ. ജോഷിത (മൂന്ന് പന്തില്‍ രണ്ട്*) ഷബ്‌നം ഷാക്കില്‍ (ഒരു പന്തില്‍ നാല്*) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. നാല് വിക്കറ്റ് പിഴുത ഫര്‍ജാന എസ്മിന്‍ ബംഗ്ലാ ബോളിങ് നിരയില്‍ തിളങ്ങി. നിഷിത അക്തര്‍ രണ്ടും ഹബീബ ഇസ്ലാം ഒരു വിക്കറ്റും നേടി.

LATEST NEWS