ചെന്നൈ: ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം. വേദിയില്‍വച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാമോയെന്ന് അശ്വിന്‍ വിദ്യാര്‍ഥികളോടു ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമര്‍ശം.
വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കൈയടിക്കൂ എന്ന പറഞ്ഞപ്പോള്‍ സദസ്സില്‍ വലിയ കരഘോഷമുയര്‍ന്നു. തമിഴ് സംസാരിക്കുന്നവരോ എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ അലറി വിളിച്ചു. ഹിന്ദി സംസാരിക്കുന്നവര്‍ എന്ന് ചോദിച്ചപ്പോള്‍ സദസ്സ് നിശബ്ദമായി. തുടര്‍ന്നായിരുന്നു ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും അശ്വിന്‍ തമിഴില്‍ പറഞ്ഞത്.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെട നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിനിടയാണ് അശ്വിന്റെ പരാമര്‍ശം. ഇത് വരുംദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകും. എന്നാല്‍ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിന്‍ ഭാഷാ വിവാദത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദന്‍ മുന്നറിയിപ്പു നല്‍കി. ‘ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്‌നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാന്‍ എനിക്കു താല്‍പര്യമുണ്ട്.’ ബിജെപി നേതാവ് ചോദിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. രണ്ടാം ടെസ്റ്റിനു പിന്നാലെ കരിയര്‍ അവസാനിക്കുകയാണെന്ന് അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ വാഷിങ്ടന്‍ സുന്ദറിനെ ബിസിസിഐ പരിഗണിച്ചതോടെയായിരുന്നു അശ്വിന്റെ നീക്കം.