നെടുമങ്ങാട്: കോടതിയിൽ വെച്ച് പിതാവും മകനും ചേർന്ന് അഭിഭാഷകനെ മർദ്ദിച്ചതായി പരാതി. കരകുളം പേരൂർക്കോണം കോട്ടുകാൽ കോണത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞ്, മകൻ അൻവർസലീം എന്നിവർ ചേർന്ന് വക്കീലും ലീഗൽ കൺസൽട്ടന്റുമായ ആർ.സി. പ്രകാശിനെ മർദ്ദിച്ചുവെന്നാണ് പരാതി.നെടുങ്ങാട് മുനിസിഫ് കോടതിയിൽ ചൊവ്വാഴ്ച പകൽ 12 മണിയോടെയാണ് സംഭവം
സിവിൽ കേസുമായി ബന്ധപ്പെട്ട് മീഡിയേഷന് എതിർ കക്ഷികൾ ഹാജരുണ്ടായിരുന്നു. മീഡിയേഷന്റെ ഭാഗമായി എതിർ വിഭാഗത്തിന് വക്കീൽ ഇല്ലാത്തതിനാൽ ഫോമിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോഴാണ് ചീത്തവിളിച്ച് അക്രമണം നടത്തിയതെന്ന് പ്രകാശ് പറഞ്ഞു. താടിയെല്ലിലും മുഖത്തും ഇരുവരും ചേർന്ന് മർദ്ദിച്ചതായും മർദ്ദനത്തിനിടെ 5000 രൂപ വിലവരുന്ന വാച്ച് പൊട്ടി നഷ്ടപ്പെട്ടതായും പ്രകാശ് പരാതിയിൽ പറയുന്നു. മജിസ്ട്രേറ്റിന്റെ മുന്നിൽ വെച്ചാണ് സംഭവം നടന്നത്.
പൊലീസെത്തിയപ്പോൾ അൻവർ സലീം ഓടി രക്ഷപ്പെട്ടെങ്കിലും പിതാവ് മുഹമ്മദ്കുഞ്ഞിനെ പിടികൂടി. സ്റ്റേഷനിലേക്ക് കൊണ്ടുവരുംവഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റ പ്രകാശിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേന്ദ്ര സർക്കാറിന്റെ അഡീഷണൽ സ്റ്റാൻറിങ് കോൺസലായ പ്രകാശിനെ ആക്രമിച്ച സംഭവത്തിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദ്ദനമേൽപ്പിച്ചതിനും കേസെടുത്തതായി നെടുമങ്ങാട് എസ്.എച്ച്. ഒ രാജേഷ് കുമാർ പറഞ്ഞു.