തിരുവനന്തപുരം: തിരുവനന്തപുരം വേറ്റിനാട് കുറ്റിയാണി റോഡില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ലതയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയെത്തുടര്‍ന്ന് റോഡില്‍ വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും തോടും റോഡും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു. വിവാഹസത്കാരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇവര്‍, റോഡിലെ വെള്ളക്കെട്ട് കണ്ട് ഓട്ടോ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു.
അപകടം കണ്ട ഓടിയെത്തിയ നാട്ടുകാരാണ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിദ്യാധരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വഴുതി വെള്ളത്തിലേക്ക് പോകുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.



















