എ വി റസലിന്റെ സംസ്‌കാരം നാളെ; പൊതുദര്‍ശനം ഇന്ന് ഉച്ചയ്ക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍

Feb 22, 2025

കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ സംസ്‌കാരം ഞായറാഴ്ച. മൃതദേഹം ഇന്ന്( ശനിയാഴ്ച) ഉച്ചയ്ക്ക് 12ന് പാര്‍ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കും. രണ്ട് മണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

എ വി റസല്‍ അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം. ആറ് വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. 1981 മുതല്‍ സിപിഎം അംഗം. 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു.

സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...