ബിജെപിക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സിനിമാനടൻ ഭീമൻ രഘു. ഡൽഹിയിൽനിന്ന് ഒരാൾ ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് മത്സരിച്ചത്. ബിജെപിയുടെ രാഷ്‌ട്രീയത്തോട് ഇതുവരെ താൽപ്പര്യം തോന്നിയിട്ടില്ല. ഇപ്പോൾ ഒരു ബന്ധവുമില്ല. നടനെന്നനിലയിൽ ഒന്നു നിന്നാൽമതിയെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. അറിയാത്തത് രാഷ്‌ട്രീയമായിരുന്നു. അതുകൂടി പഠിക്കാമെന്നു വിചാരിച്ചാണ് മത്സരിച്ചതെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എനിക്ക് വളരെ ഇഷ്‌ടമുള്ളയാളാണ് പിണറായി വിജയൻ. കേരളത്തെ ഒരു കുഴപ്പവും കൂടാതെ കൊണ്ടുപോകാൻ പിണറായിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചാണ’ സിനിമയുടെ പ്രചാരണാർഥമാണ് വാർത്താസമ്മേളനം നടത്തിയത്. തൊഴിൽതേടി കേരളത്തിലെത്തിയ തമിഴ്‌യുവാവിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. റിലീസിനൊരുങ്ങിയ ചിത്രത്തിൽ രഘുവിനൊപ്പം മീനാക്ഷി ചന്ദ്രൻ, രാമൻ വിശ്വനാഥ്, രഘുചന്ദ്രൻ, സമ്മോഹ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. കെ ശശീന്ദ്രൻ കണ്ണൂരാണ് നിർമാണം. അജി അലിയറയാണ് കഥ, തിരക്കഥ, സംഭാഷണം. വാർത്താസമ്മേളനത്തിൽ സജി ലൂക്കോസ്, കെ ശശീന്ദ്രൻ, സമ്മോഹ്, ശരത്‌കുമാർ എന്നിവരും പങ്കെടുത്തു.

















