മരിച്ച സ്ത്രീ ജീവനോടെ! മരണ സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷകന്‍ ഭര്‍ത്താവ്; ബിഹാറിലെ വോട്ടര്‍പട്ടിക പുനഃപരിശോധനയിലെ വിവരങ്ങള്‍

Aug 2, 2025

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പുനഃപരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീട് തോറും കയറിയിറങ്ങുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പരിശോധനയില്‍ പുറത്തുവരുന്നത്. മൂന്ന് മാസം മുമ്പ് മരിച്ചെന്ന് പറയുന്ന സ്ത്രീ ഇപ്പോഴും ജീവനോടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

കഴിഞ്ഞ മാസം പട്‌നയിലെ ഗ്രാമപ്രദേശമായ ധനാറുവയില്‍ താമസിക്കുന്ന ശിവരഞ്ജന്‍ കുമാറിന്റെ വീട്ടില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി ബിഎല്‍ഒ എത്തിയപ്പോഴാണ് നിഷ കുമാരി എന്ന സ്ത്രീയെ ജീവനോടെ കണ്ടെത്തിയത്. നിഷ കുമാരി മരിച്ചതായാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. മെയ് 5ന് സംസ്ഥാന സര്‍ക്കാര്‍ മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ റവന്യൂ, ലാന്‍ഡ് റിഫോംസ്, രജിസ്‌ട്രേഷന്‍ വകുപ്പാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഉദ്യോഗസ്ഥന്‍ മനസിലാക്കി. വിവരാവകാശ നിയമപ്രകാരമാണ് നിഷയുടെ മരണസര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തത്.

എന്നാല്‍ തന്റെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ആരാണെന്നറിയാനായിരുന്നു പിന്നീട് നിഷയുടെ ശ്രമം. ഇതിനായി ബിഡിഒ(ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍) ധനാറുവയ്ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. അപ്പോഴാണ് നിഷയെ ശരിക്കും ഞെട്ടിയത്. മരണസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത് നിഷയുടെ ഭര്‍ത്താവ് തന്നെയായിരുന്നു. അംഗന്‍വാരി സേവിക അംഗം, പഞ്ചായത്ത് സചിവ്, മുഖിയ എന്നിവരുടെ ഒപ്പും സീലുമില്ലാതെ എങ്ങനെയാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ബ്ലോക്ക് ഓഫീസിലെ ഒരു ജീവനക്കാരന്‍ ചോദിക്കുന്നു. ദമ്പതികള്‍ക്കിടയില്‍ വളരെ കാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ശിവരഞ്ജന്‍ ഭാര്യ മരിച്ചതായി പ്രഖ്യാപിച്ചെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

LATEST NEWS