ആലപ്പുഴ: പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചതോടെ ആലപ്പുഴയിലെ പക്ഷിവളർത്തൽ മേഖല കടുത്ത ആശങ്കയിൽ. വർഷങ്ങളുടെ അധ്വാനവും ലക്ഷങ്ങളുടെ നിക്ഷേപവും കൊണ്ട് വളർത്തിയ പക്ഷികളെ മണിക്കൂറുകൾക്കുള്ളിൽ കൊന്നൊടുക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് എത്രകാലം കൂടി സാക്ഷിയാകണം എന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. രോഗം സ്ഥിരീകരിക്കുന്ന ഓരോ തവണയും ആയിരക്കണക്കിന് പക്ഷികളെയാണ് നശിപ്പിക്കുന്നത്. രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണെങ്കിലും അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതം കർഷകരുടെ ജീവിതത്തെ തകർക്കുകയാണ്. നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം ലഭിക്കാത്തതും പണം ലഭിക്കുന്നതിലെ കാലതാമസവും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
കുട്ടനാടിന്റെ കാർഷിക സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് പക്ഷിവളർത്തൽ. തലമുറകളായി ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്. നെൽക്കൃഷിക്കൊപ്പം പക്ഷിവളർത്തലും കുട്ടനാടിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നു. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ആവർത്തിച്ചെത്തുന്ന പക്ഷിപ്പനി ഈ മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.
2014, 2016, 2020, 2021, 2022, 2024 വർഷങ്ങളിലായി പലതവണയാണ് ആലപ്പുഴയിലും സമീപ ജില്ലകളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. 2014ലെയും 2016ലെയും വ്യാപനങ്ങളിൽ മാത്രം ഏകദേശം എട്ടുലക്ഷം പക്ഷികളെ കൊന്നൊടുക്കേണ്ടിവന്നതായാണ് റിപ്പോർട്ടുകൾ. 2021 ജനുവരിയിൽ ആലപ്പുഴയിൽ 61,513 പക്ഷികളെയാണ് നശിപ്പിച്ചത്. 2024ലെ വ്യാപനവും വലിയ ദുരന്തമായി മാറി. അന്ന് ആലപ്പുഴയിലും സമീപ ജില്ലകളിലുമായി വ്യാപകമായി പക്ഷികളെ കൊന്നൊടുക്കേണ്ടിവന്നു. ആയിരക്കണക്കിന് മുട്ടകളും ടൺകണക്കിന് തീറ്റയും നശിപ്പിക്കേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.



















