കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് കൊടിമരം പിഴുതുമാറ്റിയതിന്റെ പേരില്‍ പൊലീസിനെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കണ്ണപുരം സിഐ സാബുമോനെതിരെ പൊലീസ് സ്റ്റേഷനു മുന്‍പില്‍ എത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. പൊലീസ് എടുത്തുമാറ്റിയ കൊടിമരം ബിജെപി പുനസ്ഥാപിച്ചു.
ബിജെപി സ്ഥാപക ദിനത്തിന്റെ ഭാഗമായി കണ്ണപുരം ചൈന ക്ലേ റോഡില്‍ നാട്ടിയ കൊടിമരം ഞായറാഴ്ച രാത്രി പൊലീസ് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് കൊടികള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. അപ്പോള്‍ത്തന്നെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു.
പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ രാത്രി കണ്ണപുരത്ത് ബിജെപി നടത്തിയത്. ഒപ്പം പൊലീസിനെ വെല്ലുവിളിച്ച് പൊലീസ് പറിച്ചെടുത്ത അതേ സ്ഥലത്ത് ബിജെപി നേതാക്കള്‍ കൊടിമരം നാട്ടുകയും ചെയ്തു.കൊടിമരം മുറിച്ചുമാറ്റിയ സിഐ സാബുമോനെ കൈകാര്യം ചെയ്യുമെന്ന വിധത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണിയും മുഴക്കി. ബിജെപിക്ക് നേരെ വന്നാല്‍ ആ കളി അവസാനത്തെ കളിയാകും എന്നാണ് ഭീഷണി.
അധികാരത്തിന്റെ തണലില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് ബിജെപി നിലപാട്. എന്നാല്‍ , ഞായറാഴ്ച രാത്രി ബിജെപി കൊടിമരം മാത്രമല്ല, സിപിഎമ്മിന്റെതുള്‍പ്പെടെ പതാകകള്‍ നീക്കം ചെയ്തിരുന്നു എന്നാണ് പൊലീസ് മറുപടി.