‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

Apr 22, 2026

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനം കനത്ത ചൂട് കാരണമല്ലെന്ന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ പ്രാഥമിക വിലയിരുത്തല്‍. കേരളത്തേക്കാള്‍ കൂടിയ ചൂടുള്ള ഉത്തരേന്ത്യയിലും ചൂടുകാലത്തും കരിമരുന്ന് നിര്‍മ്മാണം നടക്കുന്നുണ്ട്. അതിനാല്‍ ചൂട് സ്‌ഫോടനത്തിന് പ്രധാന കാരണമായിട്ടില്ലെന്നാണ് പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. രാവിലെ മുതല്‍ പെസോ സംഘം സ്‌ഫോടനമുണ്ടായ സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സംഘവും ദുരന്ത സ്ഥലത്ത് പരിശോധനകള്‍ നടത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് സ്‌ഫോടനത്തിന് വഴിവെച്ചോയെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധിക്കുന്നത്. സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് പരിശോധനയ്ക്കുള്ള തെളിവുകള്‍ ശേഖരിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് സംഭവത്തില്‍ നിര്‍ണായകമാണ്. എങ്ങനെ ദുരന്തം ഉണ്ടായി എന്നതാണ് മജിസ്റ്റീരിയല്‍ എന്‍ക്വയറിയില്‍ പ്രധാനമായും അന്വേഷിക്കുന്നത്.

മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി എഡിഎം സംഭവ സ്ഥലത്ത് പരിശോധനയും തെളിവുശേഖരണവും നടത്തിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരം ഉണ്ടായിരുന്നോ, എന്തൊക്കെ സാധനങ്ങളാണ് സൂക്ഷിച്ചിരുന്നത്, മതിയായ വൈദഗ്ധ്യമുള്ളവരാണോ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്, ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചതാണോ ദുരന്തത്തിന് കാരണമായത് തുടങ്ങിയ കാര്യങ്ങളാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ നടക്കുന്നത്. കഡാവര്‍ നായകളെ അടക്കം കൊണ്ടുവന്നാണ് പ്രദേശത്ത് തിരച്ചില്‍ നടക്കുന്നത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരിൽ ‘തുടക്കം’ മേക്കപ്പ് ആർട്ടിസ്റ്റും; ‘ഹൃദയഭേ​ദക’മെന്ന് ജൂഡ്

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരിൽ ‘തുടക്കം’ മേക്കപ്പ് ആർട്ടിസ്റ്റും; ‘ഹൃദയഭേ​ദക’മെന്ന് ജൂഡ്

തൃശൂർ: മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ...