കൊല്ലം: കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ പൊലീസ് പ്രതിചേര്‍ത്ത ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു.
കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2016 ജൂണ്‍ 15ന് രാവിലെ കൊല്ലം കലക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്‌ളീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.