പാലക്കാട്: കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കലക്ടര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.
കൊല്ലത്ത് ഭീഷണി സന്ദേശമെത്തിയത് രാവിലെയാണ്. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഭീഷണി വ്യാജമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കോട്ടയം കലക്ടറേറ്റിലും സമാനമായ നിലയിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലില്‍ പരിശോധന പൂര്‍ത്തിയാക്കി ജീവനക്കാരെ അകത്തുകയറാന്‍ അനുവദിച്ചു.
രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പാലക്കാട് കലക്ടറിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ആര്‍ഡി ഓഫീസിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇന്ന് രാവിലെ 7.15 ഓടേ മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്.11 മണിയോടെയാണ് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ബോംബ് സ്‌ക്വാഡും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് എഡിഎം അറിയിച്ചു. ബോംബ് സ്‌ക്വാഡും പൊലീസും കലക്ടറേറ്റിലെത്തി പരിശോധന നടത്തി. മുഴുവന്‍ ജീവനക്കാരെയും കലക്ടറേറ്റില്‍ നിന്ന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.