വനംവകുപ്പ് പാലോട് റേഞ്ച് ഓഫിസർ എൽ.സുധീഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളിൽ നിന്നു പണം വാങ്ങിയെന്ന കേസിലാണ് പൂജപ്പുര വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സുധീഷിനെ റിമാൻഡ് ചെയ്തു. ഇരുതലമൂരിയെ കടത്തിക്കൊണ്ടു വന്ന വാഹനത്തിന്റെ ആർസി ഉടമയെ കേസിൽ നിന്ന് ഒഴിവാക്കാൻ ഒരു ലക്ഷം രൂപയും പ്രതികളിൽ ഒരാളെ കേസിൽ നിന്ന് ഒഴിവാക്കാൻ അയാളുടെ സഹോദരിയിൽ നിന്നു 4 പ്രാവശ്യമായി 45,000 രൂപ ഗൂഗിൾ പേ വഴിയും സുധീഷ് സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു.
വനം വകുപ്പ് വിജിലൻസ് ശുപാർശ പ്രകാരം സസ്പെൻഷനിലായിരുന്ന സുധീഷ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നുള്ള അനുകൂല വിധിയെത്തുടർന്ന് തിരികെ സർവീസിൽ കയറിയിരുന്നു. ഇതിനു പിന്നാലെ സർവീസിൽ ചേരാനുള്ള ഉത്തരവില്ലാതെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെത്തി ഓഫിസറുടെ കസേര കയ്യേറി നെയിം ബോർഡും സ്ഥാപിച്ചതിനു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന വിജിലൻസ് എതിരായി നൽകിയ റിപ്പോർട്ട് അവഗണിച്ച് സുധീഷിനെ പാലോട് റേഞ്ചിൽ റേഞ്ച് വനം വകുപ്പു ഓഫിസറായി നിയമിച്ചിരുന്നു. ഇവിടെ അധ്യാപകനെ മർദിച്ച കേസിലും പ്രതിയായി.