തിരുവല്ല: കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെതിരെ കൂടുതൽ കണ്ടെത്തലുകൾ. സർവീസിലിരിയ്ക്കെ ഇയാൾ വൻതോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും വിജിലൻസിന് വിവരം ലഭിച്ചു. നിലവിൽ ഇയാൾ റിമാൻഡിലാണ്. വെള്ളിയാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ നാരായൺ സ്റ്റാലിൻ വിജിലൻസിന്റെ പിടിയിലായത്. നഗരസഭയിലെ ഖരമാലിന്യ സംസ്കരണം നടത്തുന്ന ക്രിസ് ഗ്ലോബൽസ് എന്ന കമ്പനി ഉടമയിൽ നിന്നാണ് ഇയാൾ 25000 രൂപ വാങ്ങിയത്. ഇയാൾക്കൊപ്പം നഗര സഭയിലെ ഓഫീസ് അറ്റന്റർ ഹസീനയേയും കസ്റ്റഡിയിലെടുത്തിരുന്നു.

നഗരസഭയിലെ പരിശോധനയ്ക്ക് ശേഷം വിജിലൻസ് സംഘം ഇരുവരുടേയും വീടുകളിലും പരശോധന നടത്തിയിരുന്നു. നാരായൺ സ്റ്റാലിന്റെ ആലപ്പുഴ പഴവീട്ടിലുള്ള വീട്ടിൽ നിന്ന് നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പല രേഖകളും ഇവിടെ നിന്ന് കിട്ടി. ഇയാളുടെ പേരിലുള്ള സ്ഥലങ്ങളുടെ ആധാരങ്ങളും വീടുകൾ വാടകയ്ക്ക് നൽകിയതിന്റെ വിവരങ്ങളും ഇതിലുണ്ട്. ഒന്നിലധികം വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ ആളുകൾ ഇയാൾക്കെതിരെ പരാതിയും നൽകി.
ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സമാന രീതിയിൽ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസ് കണ്ടെത്തി. മാസങ്ങളായി നാരായൻ സ്റ്റാലിൻ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വിജിലൻസിന്റെ നിർദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം ക്രിസ് ഗ്ലോബൽസ് ഉടമ പണവുമായി നാരായൺ സ്റ്റാലിനെ സമീപിച്ചത്.

















