മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം ഇന്ന് മുതൽ; സമ്പൂർണ ബജറ്റ് നാളെ

Jul 22, 2024

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെ. ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും. ഓ​ഗസ്റ്റ് 12-നാകും സമ്മേളനം അവസാനിക്കുക.

കേരളത്തിന് നിർണായകമായ കോഫി പ്രൊമേഷൻ ആൻഡ് ഡെവലപ്മെന്റ് , റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ് തുടങ്ങി ആറ് ബില്ലുകളാകും സമ്മേളനത്തിൽ അവതരിപ്പിക്കുക. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ബജറ്റും അവതരിപ്പിക്കും. 1934-ലെ എയർക്രാഫ്റ്റ് ആക്ടിന് പകരം ഭാരതീയ വായുധാൻ വിധേയക്, സ്വാതന്ത്ര്യത്തിന് മുൻപുള്ള നിയമത്തിന് പകരമായി ബോയിലേഴ്സ് ബിൽ എന്നിവയും അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോ​ഗം ഇന്നലെ ചേർന്നിരുന്നു.

നരേന്ദ്ര മോ​ദി മൂന്നാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ ബജറ്റാണ് നാളെ അവതരിപ്പിക്കുക. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുക. വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. കേരളവുമേറെ പ്രതീക്ഷയിലാണ്. വിനോദ സഞ്ചാര, പൈതൃക വിനോദ സഞ്ചാര മേഖലകളിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

നാ​ഗപട്ടണം വലിയപള്ളി മുതൽ തൃശൂർ‌ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തന്നെ നിർദേശം വച്ചിട്ടുണ്ട്. വേളാങ്കണ്ണി, ഡിണ്ടി​ഗൽ,മം​ഗളാ​ദേവി, മലയാറ്റൂർ പള്ളി, അൽഫോൺസാമ്മ കബറിടം, കാലടി, കൊടുങ്ങലൂർ എന്നിവിടങ്ങളി‍ൽ കൂടി ഉൾപ്പെടുന്ന സർ‌ക്കീറ്റാണിത്. അമൃത് പദ്ധതിയുടെ ഗുരുവായൂർ അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും തീർത്ഥാടന നഗരങ്ങളിലും പശ്ചാത്തല സൗകര്യ വികസത്തിന് വലിയ പദ്ധതികൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്.

LATEST NEWS