12 ലക്ഷമല്ല, 13.7 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കും നികുതിയില്‍ നിന്ന് ഒഴിവാകാം

Feb 3, 2025

ഡല്‍ഹി: വര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായാണ് ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനം. എന്നാല്‍ 75000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ നിക്ഷേപവും ചേര്‍ത്ത് വര്‍ഷം 13.7 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.

സെക്ഷന്‍ 80CCD(2) പ്രകാരം, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍പിഎസ്) നിക്ഷേപിക്കുന്ന ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും. പഴയ നികുതി വ്യവസ്ഥയില്‍, ആനുകൂല്യം കുറവാണ്, അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം മാത്രമാണ് നികുതി ഇളവിന് പരിഗണിക്കുന്നത്. പ്രതിവര്‍ഷം 13.7 ലക്ഷം വരുമാനമുള്ള ഒരു വ്യക്തിക്ക് പെന്‍ഷന്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നതിലൂടെ വാര്‍ഷിക നികുതി ഇനത്തില്‍ ഏകദേശം 96,000 രൂപ ലാഭിക്കാന്‍ സാധിക്കും. എന്നിരുന്നാലും, തൊഴിലുടമ കമ്പനിയുടെ ചെലവിന്റെ ഭാഗമായി എന്‍പിഎസ് ആനുകൂല്യം വാഗ്ദാനം ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. ജീവനക്കാര്‍ക്ക് സ്വന്തമായി ഇത് തെരഞ്ഞെടുക്കാന്‍ കഴിയില്ല.

ഉദാഹരണം എന്ന നിലയില്‍ മൊത്തം വരുമാനത്തിന്റെ പകുതിയാണ് അടിസ്ഥാന ശമ്പളമായി പരിഗണിക്കുന്നതെങ്കില്‍ 13.7 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് 6.85 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി വരിക. അങ്ങനെയെങ്കില്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലേക്കുള്ള നിക്ഷേപം അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനമായ 95,900 രൂപയായിരിക്കും.

ഇതും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75000 രൂപയും കിഴിച്ചാല്‍ 11.99 ലക്ഷം രൂപയാണ് നികുതി വിധേയമായ തുകയായി വരിക. ബജറ്റില്‍ പുതിയ പ്രഖ്യാപനം അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി ഒടുക്കേണ്ടതില്ല. ഇതോടെ 13.7 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ പൂര്‍ണമായി നികുതിയില്‍ നിന്ന് ഒഴിവാകും. ഇതേരീതിയില്‍ 16 ലക്ഷം രൂപ വരുമാനമുള്ളവരെ പരിഗണിച്ചാല്‍ എന്‍പിഎസ് നിക്ഷേപവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും കിഴിച്ച് 91,950 രൂപ മാത്രമാണ് നികുതി ഒടുക്കേണ്ടതായി വരിക.

ഏകദേശം 10 വര്‍ഷം മുമ്പാണ് എന്‍പിഎസ് ആനുകൂല്യം നടപ്പിലാക്കിയത്. എന്നാല്‍ 22 ലക്ഷം വ്യക്തികള്‍ മാത്രമാണ് ഇത് ഇത് തെരഞ്ഞെടുത്തത്. നിലവില്‍ ലക്ഷക്കണക്കിന് ജീവനക്കാര്‍ ഇപ്പോഴും ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

LATEST NEWS