തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ സ്റ്റാന്‍ഡുകളെ സ്മാര്‍ട്ട് ഹബ്ബുകളാക്കി മാറ്റുമെന്ന് സര്‍ക്കാര്‍. പൊതുഗതാഗത സംവിധാനത്തിലെ നട്ടെല്ലാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ഇന്ധന വിലവര്‍ധന മൂലവും പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊഴില്‍ രംഗത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച്, പുതിയ ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് 40,000 രൂപ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാനായി തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍ വഴി എടുക്കുന്ന വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കും. ഈ പദ്ധതികളുടെ നിര്‍വഹണത്തിനായി 20 കോടി രൂപ മാറ്റിവെക്കുന്നതായി ധനമന്ത്രി ബാലഗോപാല്‍ അറിയിച്ചു.
സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകള്‍’ വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോകള്‍ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ് ബജറ്റ് പ്രഖ്യാപനം.
കേരളത്തിലെ 5000 ഓളം വരുന്ന അനൗപചാരിക ഓട്ടോ സ്റ്റാന്റുകളെ സ്മാര്‍ട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഓരോ സ്ഥലത്തിനും അനുയോജ്യമായ തൊഴിലാളി സൗഹൃദ ഓട്ടോ സ്റ്റാന്‍ഡുകള്‍ നിര്‍മ്മിക്കും. അവിടെ സോളാര്‍ അധിഷ്ഠിത ചാര്‍ജിങ് യൂണിറ്റുകള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കും. ഈ പദ്ധതിക്കായി 20 കോടി രൂപ നീക്കിവെക്കുന്നുവെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.


















