ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഗ്രാമീണ വികസനം, സാമൂഹിക വളര്‍ച്ച എന്ന മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന നേട്ടത്തെ കുറിച്ച് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തില്‍ ആശ വർക്കർമാർ, അങ്കണവാടി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവുയുടെ കൂട്ടായ പ്രവര്‍ത്തനമാണ് നേട്ടത്തിന് വഴിയൊരുക്കിയത് എന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ച റിപ്പോര്‍ട്ട് പറയുന്നു.
ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകള്‍ സൃഷ്ടിച്ചുകൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയും നിരന്തരമായ ഡിജിറ്റല്‍ ട്രാക്കിംഗ്, നിരീക്ഷണം എന്നിവ നേട്ടത്തില്‍ പ്രധാനമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആധാര്‍, റേഷന്‍ കാര്‍ഡുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാര്‍ഡുകള്‍, ഇലക്ടറല്‍ ഐഡികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ തുടങ്ങിയ സേവനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കി. വിവിധ കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ കേരളത്തെ നേട്ടത്തിലേക്ക് അടുക്കാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സേവന വിതരണം പതിവായി ഡിജിറ്റല്‍ ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകള്‍ സൃഷ്ടിച്ചു. കമ്മ്യൂണിറ്റി മോണിറ്ററായും സേവന ദാതാവായും കുടുംബശ്രീ നെറ്റ്വര്‍ക്ക് ഒരു പ്രധാന പങ്ക് വഹിച്ചു, അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക വികസന പദ്ധതികളില്‍ ഈ ഇടപെടലുകള്‍ക്ക് മുന്‍ഗണന നല്‍കി. ജനനീ സുരക്ഷാ യോജന പോലുള്ള പദ്ധതികള്‍ കോവിഡ് മൂലം നഷ്ടപ്പെട്ട വരുമാന സ്രോതസുകള്‍ ഉള്‍പ്പെടെ മറികടക്കാന്‍ ജനങ്ങളെ സഹായിച്ചു. ഇത്തരം പദ്ധതികള്‍ സംസ്ഥാനതലത്തില്‍ നവീകരിച്ച നടപ്പാക്കുകയാണ് കേരളം ചെയ്തത്. ഇത്തരം ക്ഷേമ പദ്ധതികള്‍ സാമൂഹിക സംരക്ഷണം വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ചുള്ള ആത്മാര്‍ത്ഥത വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.


















