കോട്ടയം: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭത്തില്‍ വിങ്ങിപ്പൊട്ടി ഭര്‍ത്താവ് വിശ്രുതനും മക്കളും. ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് മകള്‍ നവമിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിശ്രുതനും ബിന്ദുവും എത്തിയത്. ചികിത്സ കഴിഞ്ഞു ഭേദമായ ശേഷം മകളുമായി മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചൊവാഴ്ചയാണു ആശുപത്രിയില്‍ അഡ്മിറ്റായത്.
‘ആകെ തകര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ഒന്നും പറയാനാകുന്നില്ല. വെന്തുരുകുകയാണ് ഞാന്‍’ വിശ്രുതന്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയില്ലെന്നും ഇനി ഇങ്ങനെ ആര്‍ക്കും സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അമ്മ പോകല്ലേയെന്നു പ്രാര്‍ഥിച്ചതാണെന്നു വിശ്രുതന്റെ മകനും എന്‍ജിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ” ഞാന്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥിച്ചു. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല. ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു” പൊട്ടിക്കരഞ്ഞു കൊണ്ട് നവനീത് പറഞ്ഞു.
രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. ഈ സമയത്താണു കെട്ടിടം തകര്‍ന്നുവീണത്. വിശ്രുതന്‍ നിര്‍മാണ തൊഴിലാളിയാണ്. മകള്‍ നവമി ആന്ധ്രയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണു ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.