ഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 75,855 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐയും ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 5.89 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. എസ്ബിഐയ്ക്കും ഇന്‍ഫോസിസിനും പുറമേ ഐസിഐസിഐ ബാങ്കുമാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ ആന്റ് ടി ഓഹരികള്‍ നഷ്ടം നേരിട്ടു. വിപണി മൂല്യത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 75,549 കോടി രൂപയാണ് നഷ്ടമായത്.
വിപണി മൂല്യത്തില്‍ എസ്ബിഐയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 39,045 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 9,62,107 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 31,014 കോടി, ഐസിഐസിഐ ബാങ്ക് 5,795 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.
വിപണി മൂല്യത്തില്‍ റിലയന്‍സിനാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 23,952 കോടിയുടെ നഷ്ടമാണ് നേരിട്ടത്. എല്‍ ആന്റ് ടി 23,501 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 11,615 കോടി, ഭാരതി എയര്‍ടെല്‍ 6,443 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. എച്ച്ഡിഎഫ്‌സി ബാങ്കും ടിസിഎസുമാണ് തൊട്ടുതാഴെ.



















