ഓസ്ട്രേലിയൻ ആട്ടിറച്ചിയെന്ന വ്യാജേന വിറ്റത് ഇന്ത്യൻ പോത്തിറച്ചി; തട്ടിപ്പ് സംഘത്തെ പിടികൂടി കുവൈത്ത്

Oct 29, 2025

കുവൈത്ത് സിറ്റി: ഓസ്ട്രേലിയൻ ആട്ടിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യൻ പോത്തിറച്ചി വിൽപന നടത്തിയ സംഘത്തെ പിടികൂടി. അറവു ശാല കേന്ദ്രികരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചു വന്നിരുന്നത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

വ്യാജ ബില്ലുകളും ഇൻവോയ്സുകളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ആട്ടിറച്ചി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട നിരവധി വ്യാജ ബില്ലുകളും ഇവരുടെ കയ്യിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫ് ശീതീകരിച്ച ശേഷം പ്രത്യേക ആകൃതിയിൽ മുറിച്ചെടുത്താണ് ഓസ്‌ട്രേലിയൻ ആട്ടിറച്ചിയെന്ന പേരിൽ വിൽപ്പന നടത്തിയത്. ഷോപ്പുകളിൽ നിന്ന് ഈ ഇറച്ചി വാങ്ങി ഉപയോഗിച്ചവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.കടയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ മാംസവും കണ്ടെത്തി അധികൃതർ നശിപ്പിച്ചു. കൂടാതെ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഉപഭോക്താക്കളെ വഞ്ചിച്ചതിനും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

LATEST NEWS