ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്ക്; ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നയാള്‍

Mar 14, 2025

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്‌ക്കെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ്. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോളി ആഘോഷത്തിനായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നും ആകാശ് പറഞ്ഞു. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതില്‍ 1.909 കിലോ കഞ്ചാവ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിന്റെ മുറിയില്‍ നിന്നുമാണ് കണ്ടെടുത്തത്.

സംഭവത്തില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേസില്‍ ആകാശാണ് പ്രതി. എസ്എഫ്‌ഐ നേതാവും കോളജ് യൂണയന്‍ സെക്രട്ടറിയുമായ അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും 9.70 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന കുപ്പി അടക്കമുള്ള ഉപകരണങ്ങളും, ചെറിയ പായ്ക്കറ്റുകളിലാക്കിയ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റ് ചെയ്ത അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

അതേസമയം പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉത്തരവിട്ടു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളായ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ പോളിടെക്‌നിക്കില്‍ നിന്നും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

LATEST NEWS