മോസ്കോ: സ്വന്തമായി കാന്‍സര്‍ വാക്സിന് വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്സിന് വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.
നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്സിന് വികസിപ്പിച്ചതെന്നും 2025ന്റെ ആദ്യം വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. വാക്സിന് ട്യൂമര്‍ വളര്‍ച്ചയെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റ്സ്ബര്‍ഗ് പറഞ്ഞു.
കാന്‍സര്‍ വാക്സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന് നേരത്തെ അറിയിച്ചിരുന്നു. ‘നമ്മള് ഒരു പുതിയ തലമുറയുടെ കാന്‍സര്‍ വാക്സിനുകളുടെയും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളുടെയും സൃഷ്ടിയോട് വളരെ അടുത്തെത്തിയിരിക്കുന്നു’ എന്നും പുടിന് അറിയിച്ചിരുന്നു.