കിളിമാനൂർ: സംസ്ഥാന പാതയിൽ പുളിമാത്ത് ജങ്ഷനു സമീപം മൂന്നംഗകുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റു.
കടയ്ക്കൽ വയ്യാനം കുമാർഭവനിൽ പി. അനിൽകുമാർ(45) ആണ് മരിച്ചത്. ഭാര്യ സിജി (34), മകൾ പാർവതി (8) എന്നിവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മകളെ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു കുടുംബം. കാരേറ്റു ഭാഗത്തുനിന്നു വന്ന കാർ കെഎസ്ആർടിസി ബസിനെ മറികടന്ന്, തെറ്റായ വശത്തുകൂടി അമിതവേഗതയിൽ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. കിളിമാനൂർ പോലീസ് കേസെടുത്തു.