ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

Nov 9, 2026

വാഷിങ്ടന്‍: ലോകത്തെ പ്രമുഖ എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ സിഇഒ ജെന്‍സന്‍ ഹുവാങ്ങും ചൈനീസ് വനിതയായ ആലീസ് ഹുവാങും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജെന്‍സന്‍ ഹുവാങ് സമ്മതിച്ചതായി ഇതിനകം സ്ഥിരീകരണം വന്നിട്ടുണ്ട്.

63 വയസ്സുകാരനായ ജെന്‍സന്‍ ഹുവാങ്ങുമായി ബന്ധമുള്ള ആലീസ് ഹുവാങ്, സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡ് കമ്പനിയിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥയാണ്. ഇരുവരും തമ്മില്‍ എപ്പോഴാണ് പരിചയപ്പെട്ടതെന്നോ ബന്ധം എത്രകാലം നീണ്ടുനിന്നെന്നോ വ്യക്തമല്ല. 2024 ജൂണില്‍ തായ്വാനിലെ തായ്പേയിലുള്ള ഒരു ബാറില്‍ ജെന്‍സന്‍ ഹുവാങ്ങിനൊപ്പം ആലീസ് ഹുവാങ്ങിനെ കണ്ടതായാണ് റിപ്പോര്‍ട്ട്. ഗിഗാബൈറ്റ്, നെറ്റ്തണ്ടര്‍ കമ്പനികളിലെ എക്‌സിക്യൂട്ടീവുകളും അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതേ കാലയളവിലാണ് മെഗാസ്പീഡ് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന എഐ ചിപ്പുകള്‍ വാങ്ങിത്തുടങ്ങിയത്.

2025 മേയില്‍ തായ്പേയിലുള്ള ഒരു റെസ്റ്ററന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന ജെന്‍സന്‍ ഹുവാങ്ങിന് പിന്നിലായി ആലീസ് ഹുവാങ്ങിനെയും കണ്ടിരുന്നു. ഇതിനോടകം മെഗാസ്പീഡിന്റെ എന്‍വിഡിയയുമായുള്ള ഇടപാടുകള്‍ അമേരിക്കന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആലീസ് ഹുവാങ് ചൈനയ്ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്‍വിഡിയ മേധാവിയെക്കുറിച്ച് രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും ചൈനയിലേക്ക് അത്യാധുനിക ചിപ്പുകള്‍ വില്‍ക്കാനുള്ള കമ്പനിയുടെ നീക്കങ്ങളെ സ്വാധീനിക്കാനും ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ആലീസ് ഹുവാങ്ങിനെ നിയോഗിച്ചിരുന്നതായും രഹസ്യ മെമ്മോ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും ഫിനാന്‍ഷ്യല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആരാണ് ആലീസ് ഹുവാങ്?

ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്ന ആലീസ് ഹുവാങ് ചൈനീസ് പൗരയാണ്. സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡ് കമ്പനിയില്‍ ഉന്നത പദവി വഹിച്ചിട്ടുണ്ട്. ചൈനീസ് പ്രൈവറ്റ് ഫണ്ട് ഡേറ്റാബേസിലെ വിവരങ്ങള്‍ പ്രകാരം മുന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറായിരുന്ന ഇവര്‍, ഹുനാന്‍ ടിവിയിലും ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സിസിടിവിയിലും ജോലി ചെയ്തിട്ടുണ്ടെന്നാണ് വിവരം.

എച്ച്എസ്ബിസിയുടെ പ്രൈവറ്റ് ബാങ്കിങ് വിഭാഗത്തില്‍ പ്രസിഡന്റിന്റെ അസിസ്റ്റന്റായും പിന്നീട് സിഐടിഐസി സെക്യൂരിറ്റീസില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹുനാന്‍ ടിവിയിലെ ഒരു ഉദ്യോഗസ്ഥന്‍ ഇവരെക്കുറിച്ച് കേട്ടിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിസിടിവിയുടെ വെബ്‌സൈറ്റിലും ഇവരുടെ പ്രൊഫൈല്‍ കണ്ടെത്താനായിട്ടില്ല. ഷാങ്ഹായ് ഹെക്‌സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഫണ്ട് മാനേജറായും ആലീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈനീസ് ഗെയിമിങ് കമ്പനിയായ 7റോഡുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം.

2023ല്‍ സ്ഥാപിതമായ മെഗാസ്പീഡിന്റെ മുന്‍കാല ബന്ധങ്ങള്‍ 7റോഡ് ഇന്റര്‍നാഷണലിലേക്കും എത്തുന്നുണ്ട്. ആലീസ് ഹുവാങ്ങിന്റെ നേതൃത്വത്തിലുള്ള ഹുവാങ് ലെ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്നു കമ്പനിയെന്നും അതേ വര്‍ഷം സ്വിഫ്റ്റ് ഡാറ്റയ്ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. അപ്പോഴും മെഗാസ്പീഡുമായുള്ള ആലീസിന്റെ ബന്ധം തുടര്‍ന്നിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ എന്‍വിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഈ കമ്പനി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 480 കോടി ഡോളറിലധികം (ഏകദേശം 40,000 കോടി രൂപ) വിലമതിക്കുന്ന എന്‍വിഡിയ ചിപ്പുകള്‍ മെഗാസ്പീഡ് വാങ്ങിയതായാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

വിഷയം വളരെ സങ്കീര്‍ണമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ജെന്‍സന്‍ ഹുവാങ്ങിനെക്കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും വിഷയത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. എന്‍വിഡിയയുമായി ബന്ധപ്പെട്ട് കമ്പനിക്കുള്ളില്‍ നടക്കുന്ന വിഷയമായതിനാല്‍ പ്രതികരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എന്‍വിഡിയ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക നേട്ടമാണ് കൈവരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ അത്യാധുനിക ചിപ്പുകളാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. ഓഗസ്റ്റില്‍ അവസാനിച്ച പാദത്തില്‍ 59.69 ബില്യന്‍ ഡോളറിന്റെ ലാഭം കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LATEST NEWS
ചിരാതില്‍ നിന്നും തീ പടര്‍ന്നു; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

ചിരാതില്‍ നിന്നും തീ പടര്‍ന്നു; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ ഒരു കുടംബത്തിലെ ആറു പേര്‍...