തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ മനുഷ്യ-വന്യജീവി സംഘർഷത്തിന് കാരണമാകുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ക്യാപ്ചർ പ്ലാനിന് വനംവകുപ്പ് അംഗീകാരം നൽകി. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദൗത്യത്തിനായി വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെ സഹായവും വനംവകുപ്പ് തേടും.
ആനയെ മയക്കുവെടി വെച്ച് പിടികൂടി, ഉപഗ്രഹ സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ കോളർ ഘടിപ്പിച്ച്, ആവശ്യമായ ചികിത്സ നൽകിയ ശേഷം അതേ ആവാസവ്യവസ്ഥയിൽ തന്നെ തുറന്നുവിടാനാണ് തീരുമാനം. 24 മണിക്കൂറും ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. സ്വന്തം ആവാസവ്യവസ്ഥയിൽ തുടരാനുള്ള അവസരം നൽകാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും.
ദേവികുളം റേഞ്ചിലെ ചിന്നക്കനാൽ, ബോഡിമെട്ട് മേഖലകളിൽ ഏകദേശം 17 കാട്ടാനകളാണുള്ളത്. ഇതിൽ ചക്കക്കൊമ്പൻ മനുഷ്യർക്കും സ്വത്തുക്കൾക്കും നേരെ ആക്രമണസ്വഭാവം കാണിക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 23-ന് പന്തടിക്കളത്ത് വിജയൻ എന്നയാൾ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കനത്ത മൂടൽമഞ്ഞ് കാരണം ആനയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാത്തത് മേഖലയിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ദൗത്യദിവസം ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ സബ് കളക്ടറോട് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം ആനകളുടെ സ്വൈര്യ സഞ്ചാരത്തെ തടസപ്പെടുത്തുന്ന കടന്നുകയറ്റങ്ങളൊഴിപ്പിക്കാതെ ഇത്തരം നടപടികൾ ആത്യന്തികമായി എത്രത്തോളം ഗുണം ചെയ്യുമെന്ന ആശങ്കയും ഇതിനോടൊപ്പം ഉയരുന്നുണ്ട്. പരമ്പരാഗത ആനത്താരകൾ ഉൾപ്പെടെയുള്ളവയുടെ കയ്യേറ്റമായ മനുഷ്യവാസ മേഖലകളിലേക്ക് ആനകൾ കൂടുതലായി എത്താനിടയാക്കുന്നതെന്ന വസ്തുത കണക്കിലെടുക്കാതെയുള്ള നീക്കങ്ങൾ ഉദ്ദേശിച്ച ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പാണ് പരിസ്ഥിതി സംഘടനകൾ നൽകുന്നത്. റേഡിയോ കോളർ ഘടിപ്പിച്ചതു കൊണ്ടു മാത്രം പ്രയോജനമില്ലെന്നും കൃത്യമായ നിരീക്ഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അരികൊമ്പൻറെ കാര്യത്തിലുണ്ടായ അനാസ്ഥ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്നാണ് ആവശ്യം.



















