‘സ്ത്രീകളുടെ ശബരിമല’; ചക്കുളത്തുകാവ് പൊങ്കാല ചൊവ്വാഴ്ച, അറിയാം ചടങ്ങുകള്‍

Nov 19, 2026

മധ്യതിരുവിതാംകൂറിലെ ‘സ്ത്രീകളുടെ ശബരിമല ‘ എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ്. മലയാള മാസമായ വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവമാണ് ചക്കുളത്തുകാവിലെ പ്രധാന വിശേഷം. ഇത്തവണ നവംബര്‍ 24 ചൊവ്വാഴ്ചയാണ് പൊങ്കാല വരുന്നത്.

പണ്ടാര അടുപ്പില്‍ തീ പകരുന്നതിന് പിന്നാലെ, ക്ഷേത്രപരിസരത്തും കിലോമീറ്ററുകളോളം റോഡരികുകളിലും നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തര്‍ തങ്ങളുടെ അടുപ്പുകളിലേക്ക് തീ പകരുന്നു. മണ്‍കലങ്ങളില്‍ പച്ചരി, ശര്‍ക്കര, തേങ്ങ, നെയ്യ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് നിവേദ്യം തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് 11 മണിയോടെ ക്ഷേത്രത്തിലെ പൂജാരിമാര്‍ (അഞ്ഞൂറിലധികം വൈദികര്‍) ക്ഷേത്രപരിസരത്തും റോഡരികുകളിലുമുള്ള എല്ലാ പൊങ്കാല കലങ്ങളിലും തീര്‍ത്ഥം തളിച്ച് നിവേദ്യം സമര്‍പ്പിക്കുന്നു. ഇതോടെ പൊങ്കാല ചടങ്ങുകള്‍ പൂര്‍ത്തിയാകും.

പൊങ്കാല ദിവസം വൈകുന്നേരം ക്ഷേത്രത്തിന് മുന്നില്‍ ഉയര്‍ത്തിയിട്ടുള്ള കൂറ്റന്‍ കാര്‍ത്തിക സ്തംഭത്തിന് തീ കൊളുത്തുന്നു. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ദേവിയുടെ രൂപം പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് വരച്ച് പൂജിക്കുന്ന കളമെഴുത്തും പാട്ടും നടക്കും.

വളരെ പൊക്കമുള്ള തൂണില്‍ അനേകം വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞുകെട്ടി പഴയോലകളും ഇലഞ്ഞിത്തൂപ്പും പടക്കവും പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന സ്തംഭമാണ് കാര്‍ത്തിക സ്തംഭം. ഇതിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. നാട്ടിലെ സകല പാപങ്ങളും കാര്‍ത്തിക സ്തംഭത്തിലേക്ക് ആവാഹിക്കുന്നു എന്നാണ് വിശ്വാസം. സന്ധ്യയാകുന്നതോടുകൂടി ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലില്‍ കിഴക്കോട്ടഭിമുഖമായി ഇരുത്തുന്നു. ദേവിയുടെ സാന്നിധ്യത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞമരുന്നതോടൊപ്പം ക്ഷേത്രവും പരിസരവും നന്മയുടെ ദീപങ്ങളാല്‍ അലംകൃതമാകുന്നു എന്നാണ് വിശ്വാസം.

LATEST NEWS