കടലിനടിയില്‍ ‘മദ്യനിധി’: 19ാം നൂറ്റാണ്ടിലെ കപ്പലില്‍ നിന്ന് കണ്ടെത്തിയത് 100 കുപ്പി ഷാംപെയ്നും വൈനും

Jul 26, 2024

സ്വീഡൻ: മീൻ പിടുത്ത കപ്പലിന്റെ അവശിഷ്ടം തിരഞ്ഞാണ് അവർ പോയത്. എന്നാൽ കണ്ടെത്തിയതോ 19ാം നൂറ്റാണ്ടിലെ മദ്യനിധിയും. വിലകൂടിയ മദ്യ ശേഖരം അടങ്ങിയ കപ്പൽ കണ്ടെത്തിയിരിക്കുകയാണ് പോളണ്ടിൽ നിന്നുള്ള മുങ്ങൽ വിദ​ഗ്ധരുടെ സംഘമായ ബാൾടിടെക്ക്. സ്വീഡന് സമീപം ബാൾട്ടിക് സമുദ്രത്തിൽ നിന്നാണ് കപ്പൽ കണ്ടെത്തിയത്. സോണാർ യന്ത്രത്തിൽ പതിഞ്ഞത് മീൻപിടുത്തകപ്പലാണ് എന്ന് കരുതിയാണ് സംഘം തിരഞ്ഞുപോയത്. എന്നാൽ മുങ്ങൽ വി​ദ​ഗ്ധർക്ക് ലഭിച്ചത് വിലകൂടിയ മദ്യകുപ്പികളും കുപ്പിയിലാക്കിയ വെള്ളവും ചീനപാത്രങ്ങളും നിറഞ്ഞ 19ാം നൂറ്റാണ്ടിലെ കപ്പലായിരുന്നു. 100ൽ അധികം ഷാംപെയ്നും വൈൻ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. കൂടാതെ ജർമൻ കമ്പനിയായ സെൽട്ടേഴ്സിന്റെ മുദ്രയുള്ള മിനറൽ വാട്ടറിന്റെ കുപ്പികളും ചീനപാത്രങ്ങളും കണ്ടെത്തി.

1850 നും 1867നും ഇടയിൽ റഷ്യൻ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ട കപ്പലുകളിലൊന്നാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. രാജകീയ തീൻമേശയിൽ മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള വെള്ളക്കുപ്പികളാണ് കപ്പലിലുള്ളത്. കണ്ടെത്തിയ മദ്യവും ജലവും ഇപ്പോഴും സുരക്ഷിതമായി കുടിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

LATEST NEWS