കൊടുംകുറ്റവാളി ചെന്താമരയ്ക്കുള്ള ശിക്ഷ എന്ത്?; പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്

Oct 14, 2025

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനും ആലോചനയുണ്ട്.

2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയെ വീട്ടില്‍ കയറി ചെന്താമര എന്ന ചെന്താമരാക്ഷന്‍ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.

സജിത വീട്ടില്‍ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കള്‍ സ്‌കൂളിലും ലോറി ഡ്രൈവറായ ഭര്‍ത്താവ് സുധാകരന്‍ തമിഴ്‌നാട്ടിലുമായിരുന്നു. സജിത അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയല്‍വാസി ചെന്താമര കൊടുവാളുമായെത്തിയത്. ശരീരത്തില്‍ തുടരെ തുടരെ വെട്ടുകയായിരുന്നു. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാള്‍ വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്.

ഭാര്യയും മകളും തന്നെ വിട്ടു പോകാന്‍ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടുപോകുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടു വര്‍ഷത്തെയും ഒന്‍പതു മാസത്തേയും ജയില്‍വാസത്തിന് ശേഷം ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും കേരളത്തില്‍ നിന്ന് പുറത്ത് പോകരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. 17 മാസങ്ങള്‍ക്കും ശേഷം ജാമ്യത്തില്‍ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ജോലി നോക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടില്‍ ഇടക്കിടെ ചെന്താമരയെത്തി. അതിനിടെ ഇക്കഴിഞ്ഞ ജനുവരി 27 നായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടില്‍ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു.

ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചതോടെ ഓഗസ്റ്റ് നാലിന് വിചാരണ നടപടികള്‍ തുടങ്ങി. ആകെ 66 സാക്ഷികളില്‍ 16 പേരെ ഒഴിവാക്കി. ചെന്താമരയുടെ ഭാര്യയെ ആണ് ആദ്യം വിസ്തരിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നുമാണ് ഭാര്യയുടെ മൊഴി. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 52 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികള്‍ പൂര്‍ത്തിയായി. സജിതയുടെ വീട്ടിലെ രക്തത്തില്‍ പ്രതി ചെന്താമരയുടെ കാല്‍പാടുകള്‍, ഷര്‍ട്ടിന്റെ കീശയുടെ ഭാഗം, സാഹചര്യ തെളിവുകള്‍, പ്രതി കൃത്യം നടത്തി പുറത്തിറങ്ങിയത് കണ്ട അയല്‍വാസി പുഷ്പയുടെ മൊഴി തുടങ്ങിയവയാണ് കേസില്‍ നിര്‍ണായകമായത്.

LATEST NEWS
എംസി റോഡ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നാളെ മുതല്‍

എംസി റോഡ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നാളെ മുതല്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി റോഡുമാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവര്‍...

തുലാവര്‍ഷം രണ്ടു ദിവസത്തിനകം, വരും ദിവസങ്ങളില്‍ കനത്തമഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തുലാവര്‍ഷം രണ്ടു ദിവസത്തിനകം, വരും ദിവസങ്ങളില്‍ കനത്തമഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് പ്രവചനം. അതേസമയം ഇതിന് സമാനമായ...

അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക്  ഇന്ന് (14-10-25) തുടക്കമാകും

അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് ഇന്ന് (14-10-25) തുടക്കമാകും

ശബരിമല സ്വർണ്ണപ്പാളി അഴിമതിയ്‌ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണയാത്ര...