ഇടുക്കി: നിര്‍മ്മാണം പൂര്‍ത്തിയായ ഇടുക്കി ചെറുതോണി പാലവും മൂന്നാര്‍-ബോഡിമെട്ട് പാതയും ഉദ്ഘാടനത്തിനൊരുങ്ങി. രണ്ടു പദ്ധതികളും ഒക്ടോബര്‍ 12 ന് നാടിന് സമര്‍പ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈന്‍ ആയിട്ടാണ് ഇരു പദ്ധതികളും ഉദ്ഘാടനം ചെയ്യുക.
2018 ല്‍ ഇടുക്കി ഡാം തുറന്നതോടെ, അപകടകരമായ രീതിയില്‍ ചെറുതോണി ചപ്പാത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്ന സാഹചര്യമുണ്ടായതോടെയാണ് പുതിയ പാലം എന്ന ആവശ്യം ചെറുതോണിയില്‍ ശക്തമായത്. ആദ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ച പ്രൊപ്പോസല്‍ എസ്റ്റിമേറ്റ് തുക കൂടിപ്പോയെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു.
പിന്നീട് ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് 25 കോടിയുടെ ഭരണാനുമതി ലഭിക്കുന്നത്. 2020 ഒക്ടോബര്‍ ഒന്നിനാണ് പാലത്തിന്‍രെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്.
വീതി കുറഞ്ഞ മൂന്നാര്‍ ഗ്യാപ് റോഡ് ഉള്‍പ്പെടുന്ന ബോഡിമെട്ട് പാതയും, 2017 ല്‍ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചെങ്കിലും ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കുന്നത്.
അടിമാലി മുതല്‍ കുമളി വരെ 18 മീറ്റര്‍ വീതിയില്‍ റോഡ് വികസനം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ് ഇതിന്റെ ലാന്‍ഡ് അക്വസിഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ് ഇതിനായി 400 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.
തടിയന്‍ പാട് മരിയാപുരം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 200 മീറ്റര്‍ നീളത്തിലുള്ള പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.